10.14.2012

ചൗവ്വരി ഉപ്പുമാവ്


 
ആവശ്യമുള്ള സാധനങ്ങൾ:

•ചൗവ്വരി - 100 ഗ്രാം
•കപ്പലണ്ടി - 50 ഗ്രാം
•ഇടത്തരം വലുപ്പമുള്ള ഉരുളക്കിഴങ്ങ് - 1
•തേങ്ങ ചിരകിയത് - ഒരു പിടി
•പഞ്ചസാര - അര ടീസ്പൂൺ
•ചെറുനാരങ്ങാനീര് - 1-2 ടീസ്പൂൺ
•പച്ചമുളക് - ആവശ്യത്തിന് (ഏകദേശം 2 എണ്ണം)
•ജീരകം - 1 ടീസ്പൂൺ
•പാചകയെണ്ണ (വെളിച്ചെണ്ണ ഒഴിച്ചുള്ള ഏതും) - ആവശ്യത്തിന്
•വറുത്തിടാനുള്ള കടുക്, കറിവേപ്പില
•കുറച്ച് മല്ലിയില
ഉണ്ടാക്കുന്ന വിധം:

ചൗവ്വരി പാകത്തിന് കുതിർത്ത് തയ്യാറാക്കുക എന്നതാണ് ഇതിലെ സുപ്രധാനമായ കാര്യം.

ചൗവ്വരി പലതരത്തിലുണ്ട്. ഏറ്റവും നല്ലയിനമാണെങ്കിൽ കുതിർത്താൽ ഒട്ടും കുഴയാതെ ഇരിക്കും. ചിലതൊക്കെ വെള്ളത്തിലിടുമ്പോഴേക്കും ആകെ കലങ്ങിപ്പോകും. തീരെ ചെറിയ‌ഇനം ഒട്ടും അനുയോജ്യമല്ല. അത് ശ്രദ്ധിക്കണം. ചിലർ മൂന്നുമണിക്കൂറോളം വെള്ളത്തിലിടാറുണ്ട്. ചിലരാകട്ടെ, വെള്ളത്തിലിടുകയേ ഇല്ല. നന്നായി കഴുകിയെടുത്തശേഷം അഞ്ചാറുമണിക്കൂർ അടച്ചുവയ്ക്കുകയേ ഉള്ളു. ചുരുക്കിപ്പറഞ്ഞാൽ, നമുക്കു കിട്ടുന്ന ചൗവ്വരിയുടെ പ്രകൃതം നോക്കി യുക്തമായ രീതിയിൽ ചെയ്തെടുക്കുകയേ നിവൃത്തിയുള്ളു. ഉണ്ടാക്കാൻ പുറപ്പെടുന്നതിനുമുമ്പ് ചൗവ്വരി ഒന്നോ രണ്ടോ സ്പൂൺ എടുത്ത് കുതിർത്തിനോക്കി ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

ചൗവ്വരി നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. നാട്ടിലും ഗൾഫിലുമൊക്കെ കിട്ടുന്ന ചൗവ്വരി സാധാരണ ഗതിയിൽ 15 മിനിട്ട് അല്ലെങ്കിൽ മാക്സിമം അര മണിക്കൂർ ഇട്ടാൽ മതിയാവും. അതിനുശേഷം വെള്ളം നിശ്ശേഷം ഊറ്റിക്കളഞ്ഞ് ഒരു മണിക്കൂറോളം വയ്ക്കുക. നല്ലയിനം ചൗവ്വരിയാണെങ്കിൽ നന്നായി കുതിർന്ന്, എന്നാൽ ഒട്ടും കുഴയാതെ, നല്ല മുത്തുമണികൾ പോലെ ആയിട്ടുണ്ടാവും.


ഉരുളക്കിഴങ്ങ് പുഴുങ്ങി, തൊലികളഞ്ഞ്, കഷ്ണങ്ങളാക്കിവയ്ക്കുക.


കപ്പലണ്ടി വറുത്ത് തരുതരുപ്പായി പൊടിച്ചുവയ്ക്കുക. മിക്സിയിലിട്ട് ഒന്നു തിരിച്ചാൽ മതി.


ഒരു ഫ്രയിങ്ങ് പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും ഇട്ടിളക്കുക. കടുക് പൊട്ടിയാൽ ജീരകമിട്ട് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്തിളക്കുക. സ്വല്പം ഉപ്പ് ചേർക്കാം.


ഉരുളക്കിഴങ്ങ് മൊരിഞ്ഞുവരുമ്പോൾ തേങ്ങ ചേർക്കാം.


ഇനി തയ്യാറാക്കിവച്ചിരിക്കുന്ന ചൗവ്വരിയും കപ്പലണ്ടിപ്പൊടിയും ചേർക്കുക.


പഞ്ചസാരയും പോരാത്ത ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ഈ വിഭവത്തിൽ വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.


മല്ലിയില അരിഞ്ഞതും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. അതിനുശേഷം വാങ്ങാം.


ഇത്രേയുള്ളു! ചൂടോടെ കഴിക്കണം. തണുത്താൽ റബ്ബറുപോലെ ആയിപ്പോവും.

No comments:

Post a Comment